യുഎസ്‌ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്

തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസിന് മേൽ സമ്മർദ്ദം ശക്‌തമാകുന്നത്. തനിക്ക് പകരം കമലാ ഹാരിസ് പ്രസിഡണ്ട് സ്‌ഥാനാർഥി ആകണമെന്നാണ് ജോ ബൈഡന്റെ നിർദ്ദേശം.

By Trainee Reporter, Malabar News
Kamala Harris
Ajwa Travels

വാഷിങ്ടൻ: യുഎസ്‌ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇനി എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്. തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസിന് മേൽ സമ്മർദ്ദം ശക്‌തമാകുന്നത്. തനിക്ക് പകരം കമലാ ഹാരിസ് പ്രസിഡണ്ട് സ്‌ഥാനാർഥി ആകണമെന്നാണ് ജോ ബൈഡന്റെ നിർദ്ദേശം. ഇതുവരെ ഒരു വനിത പോലും യുഎസിൽ പ്രസിഡണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്.

അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കൺവൻഷനിലാണ് പ്രസിഡണ്ട് സ്‌ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്നത്. ജോ ബൈഡന്റെ അസാധാരണമായ നേതൃത്വത്തിന് അമേരിക്കൻ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നതായി കമല ഹാരിസ് എക്‌സിൽ കുറിച്ചു. തന്റെ സ്‌ഥാനാർഥിയാക്കാനുള്ള പ്രസിഡണ്ടിന്റെ നിർദ്ദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ ലഭിക്കാനും വിജയിക്കാനും പരിശ്രമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

സ്വന്തം പാളയത്തിൽ തന്നെ ഒറ്റപ്പെട്ടുവെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് പ്രസിഡണ്ട് പദത്തിൽ രണ്ടാമൂഴം തേടിയുള്ള പരീക്ഷണത്തിൽ നിന്ന് ജോ ബൈഡന്റെ പിൻമാറ്റം. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിൻമാറണമെന്ന് പാർട്ടിക്കകത്തും പുറത്തും കടുത്ത സമ്മർദ്ദമുയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ബൈഡൻ സ്‌ഥാനാർഥിയാകുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യതകൾ ഇല്ലാതാക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു.

എതിരാളിയായ ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്‌നങ്ങൾ, ട്രംപിന് നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവും ഒടുവിലായി കൊവിഡ് ബാധിച്ചത് തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡൻ നിരന്തരം വെല്ലുവിളികൾ നേരിട്ടിരുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡണ്ട് ബറാക് ഒബാമ, മുൻ സ്‌പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡനെ സന്ദർശിച്ച് പിൻമാറ്റം സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്‌തിരുന്നു.

ഇതോടെയാണ് കമലാ ഹാരിസ് സ്‌ഥാനാർഥി ആകണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേ അനുസരിച്ച് പാർട്ടിയിലെ പത്തിൽ ആറുപേരും കമലയ്‌ക്ക് അനുകൂലമാണ്. 1964 ഒക്‌ടോബർ 20ന് കാലിഫോർണിയയിലെ ഓക്‌ളൻഡിലാണ് കമലയുടെ ജനനം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് പഠനം കഴിഞ്ഞ് ഹോസ്‌റ്റിങ്സ് കോളേജിൽ നിന്ന് നിയമബിരുദം.

1989ൽ ഒക്‌ളൻഡിൽ ഡിസ്‌ട്രിക്‌ട് അറ്റോർണിയായാണ് കരിയർ തുടക്കം. 2010ൽ കാലിഫോർണിയ അറ്റോർണി ജനറൽ ആയപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി. യുഎസ് സെനറ്റിലെത്തുന്നത് 2016ൽ. അറ്റോർണിയായ ഡഗ്ളസ് എംഹോമിനെ 2014ൽ വിവാഹം ചെയ്‌തു. ഡെമോക്രാറ്റിക് പാർട്ടിയുടെ ആധുനിക മുഖം കമലയുടേതാണ്. അതേസമയം, ബൈഡനെ തോൽപ്പിക്കുന്നതിലും എളുപ്പമാണ് കമലയെ തോൽപ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE