ന്യൂഡെൽഹി: തീരുവ വർധനവുമായി ബന്ധപ്പെട്ട സാമ്പത്തിക സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, വ്യാപാര ചർച്ചയ്‌ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്. ചർച്ചകൾക്കായി ഓഗസ്‌റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിൽ ഉണ്ടാകുമെന്നായിരുന്നു വിവരം. എന്നാൽ, ഇത് റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ.
യുഎസ് പ്രസിഡണ്ട് സൊണാൽഡ് ട്രംപ് മുൻപ് ഏർപ്പെടുത്തിയ 25% തീരുവയ്‌ക്ക് പുറമെ, റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ലെവി ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നിർണായകമാണ്.
ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചർച്ചകൾക്ക് വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദർശനം. കൂടാതെ, 25% അധിക തീരുവ ഈമാസം 27ന് പ്രാബല്യത്തിൽ വരുമെന്നിരിക്കെ ചർച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.
സെപ്‌തംബർ- ഒക്‌ടോബർ മാസത്തിനുള്ളിൽ വ്യാപാരക്കരാർ സംബന്ധിച്ച് ധാരണയിൽ എത്തുമെന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്. ഇതനുസരിച്ചാണെങ്കിൽ അടുത്ത മാസം ആദ്യം തന്നെ യുഎസ് സംഘത്തിന്റെ സന്ദർശനം ഉണ്ടാകും. കാർഷിക, ക്ഷീര വിപണിയിൽ കൂടുതൽ ഇടം വേണമെന്ന യുഎസിന്റെ നിർബന്ധമാണ് കരാറിലെ പ്രധാന തടസങ്ങളിലൊന്ന്.
ചെറുകിട കർഷകരുടെ ഉപജീവന മാർഗത്തെ ബാധിക്കുന്നതിനാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ‘സ്വദേശി’ (ഇന്ത്യയിൽ നിർമിച്ചത്) ഉൽപ്പന്നങ്ങൾക്ക് പ്രോൽസാഹനം നൽകുമെന്നും കർഷകർക്കും മൽസ്യത്തൊഴിലാളികൾക്കും പിന്തുണ നൽകുമെന്നും വെള്ളിയാഴ്‌ച സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കർഷക താൽപര്യത്തിനെതിരായ ഏത് നയങ്ങളെയും ചെറുക്കാൻ താൻ മതിൽ പോലെ നിൽക്കുമെന്നും മോദി പറഞ്ഞിരുന്നു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി