കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം വ്യക്‌തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.30ഓടെയാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവൻ ഡ്രൈവർ മലപ്പുറം സ്വദേശിയായ മനോജ്, സഹായിയും കണ്ണൂർ സ്വദേശിയുമായ ജോയൽ എന്നിവരാണ് മരിച്ചത്. മനോജിനെ കാരവന്റെ വാതിൽ പടിയിലും ജോയലിനെ ഉള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനം ഒതുക്കി ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനുള്ളിലെ എസി ഓണായിരുന്നു. പാർക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു.
ഫൊറൻസിക് വിദഗ്‌ധർ, വിരലടയാള വിദഗ്‌ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം. പൊന്നാനി രജിസ്‌ട്രേഷനിലുള്ള കാരവനാണിത്. തലശേരിയിൽ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു ഇവർ.
രണ്ട് ദിവസങ്ങളായി റോഡിന് വശത്ത് കിടക്കുകയായിരുന്നു കാരവൻ. തിരക്കേറിയ റോഡിന് സമീപമായിരുന്നതിനാൽ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ രാത്രി പ്രദേശവാസിയായ ഒരാൾ കാരവന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ വടകര പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Most Read| ‘ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം’; ഇന്ത്യക്ക് കത്തയച്ച് ബംഗ്ളാദേശ് സർക്കാർ