തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിൽ ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കുമെന്ന് റെയിൽവേ. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാവുന്ന രീതിയിലാകും ക്രമീകരണം. ജനുവരി മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും റെയിൽവേ അറിയിച്ചു.
ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നിലവിൽ എറണാകുളത്ത് നിന്ന് ടിക്കറ്റ് ലഭിക്കാതിരിക്കുകയും അതേസമയം കോയമ്പത്തൂരിൽ നിന്ന് ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന സ്ഥിതി ട്രെയിനിൽ ഉണ്ട്. ഇത് പരിഹരിക്കണമെന്ന് ഡിആർയുസിസി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.
16 കൊച്ചുകളുള്ള മെമു സർവീസുകൾ ഡിവിഷനിൽ ആരംഭിക്കുക, മെമു സർവീസുകൾ പ്രതിദിനമാക്കുക, കോട്ടയം-രാമേശ്വരം, എറണാകുളം- പുതുച്ചേരി, തിരുവനന്തപുരത്ത് നിന്ന് പുതിയ ഹൈദരാബാദ് സർവീസ് എന്നിവ ആരംഭിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. പുലർച്ചെയും വൈകിട്ടുമുള്ള ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുക, പാർക്കിങ് നിരക്ക് കുറയ്ക്കുക, മെമു ട്രെയിനുകൾ എക്സ്പ്രസായി ഓടിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു.
നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനം നടപ്പിക്കണമെന്നും എറണാകുളം മാർഷലിങ് യാഡിൽ ടെർമിനൽ യാഥാർഥ്യമാക്കണമെന്നും അംഗങ്ങളായ പി. കൃഷ്ണകുമാർ, പോൾ ജെകെ മാൻവട്ടം, അബ്ദുല്ല ആസാദ് എന്നിവർ ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗമായി അബ്ദുല്ല ആസാദിനെ നോമിനേറ്റ് ചെയ്തു. ഡിആർഎം ദിവ്യകാന്ത് ചന്ദ്രാകർ അധ്യക്ഷനായിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്






































