ന്യൂഡെൽഹി: പുതിയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന സെക്രട്ടറി, സംസ്‌ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
ഈമാസം 26ന് മുൻപ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തീരാജ് സ്‌ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു. തൊഴിലാളികൾ, സ്‌ത്രീകൾ, എസ്‌സി/ എസ്‌ടി വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.
പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്‌റ്റാംപ് ചെയ്‌ത ജിയോടാഗ് വെച്ച ഫോട്ടോഗാഫുകളും വീഡിയോഗ്രാഫുകളും സഹിതം ഗ്രാമസഭാ വിശദാംശങ്ങൾ തൽസമയം അപ്‌ലോഡ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി ബില്ലിന് രാഷ്‍ട്രപതി അംഗീകാരം നൽകിയത്.
കനത്ത പ്രതിഷേധങ്ങൾക്കിടെ വിബി-ജി റാം ജി ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിൽ രാഷ്‍ട്രപതി അംഗീകരിച്ചിരിക്കുന്നത്. ലോക്‌സഭയിൽ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞിരുന്നു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതിയെ പേരുൾപ്പടെ മാറ്റി പുനഃക്രമീകരിക്കുന്നത്.
2005ൽ യുപിഎ സർക്കാർ കൊണ്ടുവന്നതാണ് മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ). വർഷം 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി, ഇന്ത്യയിൽ ഗ്രാമീണ മേഖലയ്‌ക്കും സാധാരണ കുടുംബങ്ങൾക്കും സാമ്പത്തികമായി വൻ ആശ്വാസം പകർന്നിരുന്നു.
പേര് മാറിവരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ 100ന് പകരം തൊഴിൽ ദിനങ്ങൾ 125 ആകും. തൊഴിലിന് ശേഷം വേതനം ഏഴ് ദിവസം അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനകം നൽകും. അഥവാ, വേതനം ഈ കാലപരിധിക്കുള്ളിൽ നൽകാനായില്ലെങ്കിൽ പ്രത്യേകമായി തൊഴിലില്ലായ്‌മ അലവൻസ് നൽകാനുള്ള നിർദ്ദേശവും ബില്ലിൽ ഉണ്ടാകും.
നിലവിൽ പദ്ധതി ഫണ്ടിങ്ങിൽ 90% തുക കേന്ദ്രവും 10% സംസ്‌ഥാനങ്ങളുമാണ് വഹിക്കുന്നത്. പുതിയ ബിൽ പ്രകാരം ഇത് 60:40 ആയേക്കും. 40% തുക സംസ്‌ഥാനങ്ങൾ വഹിക്കേണ്ടി വരും. അതായത്, പുതിയ പദ്ധതിപ്രകാരം സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































