കൊച്ചി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകരാക്രമണം രാജ്യത്തിന് നേരെയല്ല, മറിച്ച് ഓരോ ഇന്ത്യക്കാരന്റെയും നേരെയുള്ള ആക്രമണമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഭീകരതയെ അടിച്ചമർത്താനുള്ള നടപടികൾ രാജ്യം കൈക്കൊള്ളണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തിന്റെ രക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്‌ത ഭീകരവിരുദ്ധ പ്രതിജ്‌ഞയും പ്രതിഷേധവും എറണാകുളം രാജേന്ദ്ര മൈതാനത്ത് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
പ്രതിപക്ഷ നേതാവ് ചൊല്ലിക്കൊടുത്ത ഭീകരവിരുദ്ധ പ്രതിജ്‌ഞ പ്രവർത്തകർ ഏറ്റുചൊല്ലി. തുടർന്ന് ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ ദീപം തെളിയിച്ച്, മരണപ്പെട്ടവർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ചു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’