കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും, വിട്ടുവീഴ്ചയില്ലാത്ത നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതി ഉയർന്ന് 24 മണിക്കൂറിനകം രാഹുൽ രാജിവെച്ചു. ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി അന്വേഷിക്കും. അതിന് പാർട്ടി സംവിധാനം ഉണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ ബഹളമുണ്ടാക്കുന്ന ആളുകൾ അവരുടെ സ്വന്തം കാര്യത്തിൽ എന്ത് ചെയ്തെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ക്ളിഫ് ഹൗസിലേക്കാണ് മാർച്ച് നടത്തേണ്ടത്. കാരണം, ഏറ്റവും കൂടുതൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. ഞാൻ ആരെയും സംരക്ഷിച്ചിട്ടില്ല. മുഖം നോക്കാത്ത, വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നാണ് ഞാൻ പറഞ്ഞത്.
ബിജെപിയുടെ മുൻ മുഖ്യമന്ത്രി പോക്സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിൽ അംഗമാണ്. എന്നിട്ടാണ് ഇവിടെ സമരം നടത്തുന്നത്. സിപിഎമ്മും ബിജെപിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോൺഗ്രസ് തീരുമാനമെടുക്കുന്നത്. കോൺഗ്രസിന് ഒരു തീരുമാനമുണ്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകളിട്ടാൽ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകും.
രാഹുൽ നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് തെളിയിക്കാം. ആരോപണ വിധേയന്റെ അഭിപ്രായങ്ങളും പാർട്ടി കേൾക്കും. സിപിഎമ്മിനും ബിജെപിക്കും ഇതിനെക്കുറിച്ച് നാവനക്കാൻ അവകാശമില്ല. ഞങ്ങൾക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് വിരലുകൾ അവരുടെ നേർക്കാണ് ചൂണ്ടുന്നത്. രാഹുലിന്റെ വിഷയത്തിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പ്രസ്താവന ശരിയായില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഥാനത്ത് നിന്ന് നീക്കിയതല്ലെന്നും, സ്വയം രാജിവെച്ചതാണെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. എംഎൽഎ സ്ഥാനത്ത് നിന്ന് മാറേണ്ട കാര്യമില്ല. ഒരു പരാതിയും ലഭിച്ചിട്ടില്ല. അതിനാൽ അന്വേഷണം ഇല്ലെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
Most Read| ‘ട്രംപിന്റെ വിശ്വസ്തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ





































