കോട്ടയം: ആശാ വർക്കർമാരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ഡെൽഹി യാത്രാ വിവാദത്തിൽ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡെൽഹിയിലേക്ക് പോകുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. എല്ലാം മാദ്ധ്യമ സൃഷ്‌ടി ആണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സ്‌കീമിൽ ഉൾപ്പെട്ട ആശാ പ്രവർത്തകർ കേരളത്തിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നത് തെറ്റാണോ എന്ന് വീണാ ജോർജ് ചോദിച്ചു. വിഷയത്തിൽ ചില മാദ്ധ്യമങ്ങൾ ആരോഗ്യവകുപ്പിനെയും തന്നെയും ക്രൂശിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വളരെ മോശമാണെന്നും പറഞ്ഞ മന്ത്രി, തനിക്ക് എല്ലാ കാര്യങ്ങളും മാദ്ധ്യമങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലെന്നും വ്യക്‌തമാക്കി.
മാദ്ധ്യമങ്ങളുടെ ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ കഴിയില്ല. തന്റെ ഡെൽഹി സന്ദർശനത്തിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്ന് താൻ മുൻപ് വിശദീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയെ സന്ദർശിക്കുകയെന്നത് ഒരു ലക്ഷ്യവും ക്യൂബൻ സംഘത്തെ കാണുക എന്നത് രണ്ടാമത്തെ ലക്ഷ്യവുമാണ്. ആരോഗ്യമന്ത്രിയെ കാണാനാകുമോ എന്ന് ഉറപ്പില്ലെന്ന് മുൻപ് ഡെൽഹിയിൽ വെച്ച് മാദ്ധ്യമങ്ങളെ കണ്ട വേളയിലും താൻ വിശദീകരിച്ചിട്ടുണ്ടെന്നും ആ ബൈറ്റുകളെല്ലാം യുട്യൂബിൽ ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി