പത്തനംതിട്ട: ശബരിമലയിൽ വരുന്ന 90 ശതമാനവും കമ്യൂണിസ്‌റ്റുകാരാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഭക്‌തനാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പ സംഗമത്തിന്റെ ഉൽഘാടന ചടങ്ങിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
കമ്യൂണിസ്‌റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്‌തരാണ്. ഈ പറയുന്നവരെല്ലാം ആദർശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാൻ വരുന്നവരിൽ 90 ശതമാനവും കമ്യൂണിസ്‌റ്റുകാരാണ്.
പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ടുതവണ ഇവിടെ വന്നിട്ടുണ്ട്. ഭക്‌തനല്ലെങ്കിൽ അദ്ദേഹത്തിന് ഇവിടെ വരാൻ സാധിക്കുമോ. ഇവർക്കൊക്കെ മനസിൽ ഭക്‌തിയുണ്ട്. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്‌ടമാണ്. അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായിക്ക് മാത്രമേയുള്ളൂ. മുഖ്യമന്ത്രിയാകാൻ യോഗ്യൻമാർ ഉണ്ടായിരിക്കാം. പക്ഷേ, കൊണ്ടുനടക്കാനുള്ള ലീഡർഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്.
അപ്പുറത്ത് യുഡിഎഫിൽ തമ്മിലടിയാണ്. യുഡിഎഫ് അപ്രസക്‌തമായി കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലാണ് വെള്ളാപ്പള്ളി ഇന്ന് വേദിയിലേക്ക് എത്തിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ