ഷാർജ: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച വിപഞ്ചികയുടെ (32) ആത്‍മഹത്യാ കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നൽകിയ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തിരുന്നു.
ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നാം പ്രതിയുമായാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആത്‍മഹത്യാ പ്രേരണാക്കുറ്റം, സ്‌ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്‌ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട് എസ്‌പിക്ക് സമർപ്പിക്കും. അതിനിടെ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് മാറ്റി.
വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചുവരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോയത്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ സംസ്‍കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. മൃതദേഹം ശ്‌മശാനത്തിൽ എത്തുന്നതിന് തൊട്ടു മുമ്പാണ് മാറ്റിവെക്കാനുള്ള തീരുമാനം എടുത്തത്.
രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്നാണ് തിരക്കിട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടായത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഷാർജയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പതിന് ഉച്ചയ്‌ക്കാണ് കൊല്ലം ചന്ദനംത്തോപ്പ് കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും (33) മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ പോസ്‌റ്റുമോർട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന. ഇരുവരെയും ജനിച്ച മണ്ണിൽ സംസ്‌കരിക്കണമെന്നാണ് ഷൈലജയുടെയും ബന്ധുക്കളുടെയും ആവശ്യം. എന്നാൽ, കുഞ്ഞിനെ ഷാർജയിൽ തന്നെ സംസ്‌കരിക്കുമെന്ന് നിതീഷ് ഉറപ്പിച്ചതോടെയാണ് വിപഞ്ചികയുടെ ബന്ധുക്കൾ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചത്.
മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനായി ഇന്നലെയാണ് ഷൈലജ ഷാർജയിൽ എത്തിയത്. എന്നാൽ, വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെയാണ് ഇന്നലെ വൈകീട്ട് നാലിന് ഷാർജയിൽ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. യുഎഇയിൽ എവിടെയും കേസില്ലാത്ത സാഹചര്യത്തിലാണ് വൈഭവിയുടെ മൃതദേഹം പിതാവിന് വിട്ടുകൊടുക്കാൻ കോടതി തീരുമാനിച്ചത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!