ഷാർജ: ഭർതൃപീഡനത്തെ തുടർന്ന് ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ (32) അമ്മ ഷൈലജ ഷാർജയിലെത്തി. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷൈലജ ഷാർജയിൽ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഷാർജയിലെത്തിയിട്ടുണ്ട്.
മകളുടെയും ഒന്നരവയസുകാരിയായ കൊച്ചുമകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എത്തിയത്. കൂടാതെ, വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ഷാർജ പോലീസിൽ പരാതി നൽകാനും കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും.
മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നൽകും. 17ന് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും (33) മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ളർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക ദുബായിലാണ് ജോലി ജോലി ചെയുന്നത്. നാലരവർഷം മുമ്പായിരുന്നു വിവാഹം.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നൽകിയ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നാം പ്രതിയുമായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read| ശുഭാംശു ഉൾപ്പെട്ട ആക്സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും