തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് അനുമതി. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ വിശദമായ പ്രോജക്‌ട് റിപ്പോർട്ടിന് (ഡിപിആർ) മന്ത്രിസഭായോഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്.
2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റർ അടുത്തുനിന്നു തന്നെ ഭൂഗർഭ പാത ആരംഭിക്കും. ടേബിൾ ടോപ്പ് രീതിയിലാകും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്ത് നിന്ന് തുടങ്ങി വിഴിഞ്ഞം- മുക്കോല-ബാലരാമപുരം റോഡിന് സമാന്തരമായാണ് ഭൂഗർഭ പാത കടന്നുപോകുന്നത്.
വിഴിഞ്ഞം- ബാലരാമപുരം റോഡിന്റെ അതേ അലൈൻമെന്റിൽ ഭൂനിരപ്പിൽ നിന്ന് 30 മീറ്ററെങ്കിലും താഴ്‌ചയിലാവും പാത കടന്നുപോവുക. കരിമ്പള്ളിക്കര ഭാഗത്ത് വന്നിറങ്ങുന്ന പാത ഇവിടുത്തെ ജനജീവിതത്തെ ബാധിക്കാത്തവിധം തൂണുകൾക്ക് മുകളിലൂടെയാവും തുറമുഖത്തേക്ക് നീളുക. ഇതിനായി അര ഹെക്‌ടറോളം ഭൂമിയും വേണ്ടിവരും.
പാത വരുന്നതിനോടനുബന്ധിച്ച് ബാലരാമപുരത്ത് അഞ്ച് ഹെക്‌ടറോളം സ്‌ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. പാത അകടന്നുപോകുന്ന ഭാഗത്ത് ഭൂനിരപ്പിൽ നിശ്‌ചിത കിലോമീറ്ററുകൾക്കിടക്ക് എസ്‌കേപ്പ് ഡക്‌ടറുകൾ പണിയും. അടിയന്തിര സാഹചര്യത്തിലെ രക്ഷാദൗത്യം മുൻനിർത്തിയാണിത്. ന്യൂ ഓസ്‌ട്രിയൻ ടണലിങ് മെതേഡ് (എൻടിഎം) എന്ന സാങ്കതികവിദ്യയാവും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ