തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോയാണ് ഇന്ന് രാവിലെ വിഴിഞ്ഞം തീരമണഞ്ഞത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ടകൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്.
മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ നിന്ന് പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. തുമുഖത്തെ ഉന്നത ഉദ്യോഗസ്‌ഥർ ടഗിലുണ്ടായിരുന്നു. രാവിലെ 7.15ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.
സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട് എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഒമ്പത് വർഷം പഴക്കമുള്ളതാണ് കപ്പൽ. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കപ്പലിന്റെ ബർത്തിങ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്‌റ്റംസ് ക്ളിയറൻസും നടക്കും. പബ്ളിക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ളിയറൻസും വേണം.
പിന്നാലെ കണ്ടെയ്‌നറുകൾ ഇറക്കും. വിഴിഞ്ഞത്ത് സജ്‌ജമാക്കിയ കൂറ്റൻ ക്രെയിനുകളാകും ചരക്ക് ഇറക്കുക. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ് ടു ഷോർ ക്രെയിനുകളും 23 യാർഡ് ക്രെയിനുകയുമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും.
നാളെയാണ് സർക്കാരിന്റെ നേതൃത്വത്തിൽ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നത്. ചടങ്ങിൽ വിശിഷ്‌ടാതിഥിയായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്ന സംഘം ആദ്യ ചരക്ക് കപ്പലിന് സ്വീകരണം നൽകും.
Most Read| വിവാഹ മോചിതയായ മുസ്‌ലിം സ്‌ത്രീക്ക് ജീവനാംശത്തിന് അവകാശം; സുപ്രീം കോടതി