തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇംഗ്ളീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു.
അതേസമയം, സംസ്‌ഥാന സർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരസ്യനീക്കത്തിൽ സംസ്‌ഥാന സർക്കാർ വൃത്തങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
അതേസമയം, ഉൽഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോൾ മാത്രമാണ് സർക്കാർ ക്ഷണക്കത്ത് നൽകിയതെന്നാണ് കോൺഗ്രസിനുള്ളിലെ പൊതുവികാരം. ചടങ്ങിൽ പങ്കെടുക്കാനായി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ പട്ടികയിൽ സതീശന്റെ പേരുണ്ടായിരുന്നില്ല.
ഇതോടെ കോൺഗ്രസ് നേതാക്കളുടെ വലിയ വിമർശനത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ക്ഷണക്കത്തെത്തി. മന്ത്രി വിഎൻ വാസവന്റെ ഔദ്യോഗിക ലെറ്റർ പാടിലാണ് കത്ത് എത്തിയത്. കത്തിൽ ഉണ്ടായിരുന്നത് തിങ്കളാഴ്‌ചത്തെ ഡേറ്റായിരുന്നു.
പ്രതിപക്ഷ നേതാവിനെ മാറ്റിനിർത്തിയിട്ടില്ല എന്ന മന്ത്രി വിഎൻ വാസവന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു ക്ഷണക്കത്ത് ഓഫീസിലേക്ക് എത്തിയത്. തിങ്കളാഴ്‌ചത്തെ തീയതിയിൽ ചൊവ്വാഴ്‌ച കൈമാറിയ കത്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിഴിഞ്ഞം ട്രയൽ റണ്ണിനും പ്രതിപക്ഷ നേതാവിനെ വിളിച്ചിരുന്നില്ല.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ