തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ചരക്ക് കപ്പലിനെ ബെർത്ത് ചെയ്‌ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. വിഴിഞ്ഞത്തെ 500ആംമത്തെ കപ്പൽ ആയി ഇന്ന് പുലർച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോർഡ് കൂടി വിഴിഞ്ഞത്തിന് സമ്മാനിച്ചത്.
17.1 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കപ്പൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്‌തത്. 17 മീറ്റർ ആയിരുന്നു ഇതിന് മുന്നേയുള്ള ഇന്ത്യൻ തുറമുഖങ്ങളിൽ ഡ്രാഫ്റ്റ് റെക്കോർഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്‌ത 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്‌നർ വെസൽസ് ആണ്.
2024 ഡിസംബറിൽ ആരംഭിച്ച വാണിജ്യ പ്രവർത്തനങ്ങൾക്ക് പിന്നാലെ വെറും പത്തുമാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്‌ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു. ലോക ചരക്ക് കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകൾ എന്ന് തുറമുഖമന്ത്രി വിഎൻ വാസവൻ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി





































