ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്. സന്ദർശന തീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി റഷ്യയിൽ സന്ദർശനത്തിനെത്തിയ ദേശീയ ഉപദേഷ്‌ടാവ് അജിത് ഡോവൽ അറിയിച്ചു. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ഓഗസ്‌റ്റ് മാസം അവസാനത്തോടെയാകും പുട്ടിൻ ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിൽ നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായം നൽകുകയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതിനിടെ, വരും ദിവസങ്ങളിൽ ട്രംപുമായി പുട്ടിൻ കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
കൂടിക്കാഴ്‌ചയ്‌ക്കായി ഇരുകൂട്ടരും ശ്രമിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ് അറിയിച്ചു. പുട്ടിന് പുറമെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കിയുമായും കൂടിക്കാഴ്‌ച നടത്താൻ ട്രംപ് പദ്ധതിയിടുന്നതായാണ് റിപ്പോർട്.
Most Read| വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ