തിരുവനന്തപുരം: വാളയാര്‍ കേസില്‍ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരെയും പറ്റിക്കുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മക്ക് നീതി ലഭിക്കണമെന്നത് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനവും. പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ അതിനെതിരായ നിയമപോരാട്ടത്തിന് മുന്‍കൈ എടുത്തതും സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
പ്രതികളെ വിട്ടയച്ചതിനെതിരെ കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതും സര്‍ക്കാര്‍ ആവശ്യപ്രകാരമാണ്. വിചാരണ നടത്തി പ്രതികളെ വിട്ടയച്ച സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷണം സാധ്യമല്ല, എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാല്‍, വിധി റദ്ദാക്കാനും വിചാരണക്കും സാധ്യതകളുണ്ട്.
Read also: മുസ്ലിം വിരുദ്ധ പരാമർശം; ഫ്രാൻസിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ
ഹൈക്കോടതിയില്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ അര്ജന്റ് എംഒ ഫയല്‍ ചെയ്തിരുന്നു. നവംബര്‍ 9ന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.







































