പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അട്ടപ്പള്ളി സ്വദേശി ഷാജിയാണ് അറസ്‌റ്റിലായത്. ഇയാൾ ഒളിവിലായിരുന്നു. മർദ്ദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്‌റ്റിലായത്.
ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാം നാരായണനാണ് മരിച്ചത്. ഡിസംബർ 18നാണ് രാം നാരായണനെ മോഷ്‌ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മർദ്ദിച്ചത്. എന്നാൽ, ഇയാളുടെ കൈയിൽ മോഷണവസ്‌തുക്കൾ ഒന്നുമില്ലായിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ രാം നാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു.
ആശുപത്രിയിൽ എത്തിച്ച രാമനാരായൺ പിറ്റേന്ന് രാത്രിയോടെയാണ് മരിച്ചത്. പോലീസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് കൂടുതൽ പേരെ കസ്‌റ്റഡിയിൽ എടുത്തത്. പുതിയ അന്വേഷണ സംഘം ഇന്നലെ സ്‌ഥലത്തെത്തി സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ മൊഴിയെടുത്തു. റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നിലവിൽ അറസ്‌റ്റിലായവർക്ക് മുൻപ് ക്രിമിനൽ പശ്‌ചാത്തലമുണ്ട്. അഞ്ചുപേരാണ് ആദ്യം അറസ്‌റ്റിലായത്. മർദ്ദനത്തിൽ ഉൾപ്പെട്ടവരിൽ ചിലർ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നതിന്റെ അടിസ്‌ഥാനത്തിൽ കോയമ്പത്തൂർ പോലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടക്കുകയാണ്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി




































