തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിലെ തീ അണയ്‌ക്കാൻ കോസ്‌റ്റ് ഗാർഡും നാവികസേനയും തീവ്രശ്രമം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്‌ടർ വഴി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു.
ഇന്ധന ടാങ്കിന് സമീപത്തെ തീ അണയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ടാങ്കിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമുണ്ട്. കപ്പലിന്റെ മധ്യഭാഗം മുതൽ ജീവനക്കാർ താമസിക്കുന്ന ബ്ളോക്കിന് മുന്നിലെ കണ്ടെയ്‌നർ ഭാഗം വരെ ഇന്നലെ രാത്രി വരെയും തീയും പൊട്ടിത്തെറിയും ഉണ്ടായിരുന്നു. മുൻഭാഗത്തെ തീ അൽപ്പം നിയന്ത്രണ വിധേയമായി. എന്നാൽ, കറുത്ത പുക ഉയരുന്നുണ്ട്.
ഏകദേശം 10 മുതൽ 15 ഡിഗ്രിവരെ കപ്പൽ ഇടത്തേക്ക് ചെരിഞ്ഞിട്ടുണ്ടെന്ന് കോസ്‌റ്റ് ഗാർഡ് വ്യക്‌തമാക്കുന്നു. കണ്ടെയ്‌നറുകളിൽ തട്ടി പ്രൊപ്പലർ തകരാമെന്നതിനാൽ മറ്റു കപ്പലുകൾക്ക് അടുത്തേക്ക് പോകാൻ സാധിക്കുന്നില്ല. കോസ്‌റ്റ് ഗാർഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയിൽ നിന്ന് ശക്‌തമായി വെള്ളം പമ്പ് ചെയ്‌ത് കപ്പൽ തണുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെ കാണാതായ നാലുപേർക്കായുള്ള തിരച്ചിലും തുടരുകയാണ്.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി







































