ചെന്നൈ: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വഖഫ് ബിൽ മുസ്‌ലിം സമുദായത്തിന് ദോഷകരമാണെന്ന് സ്‌റ്റാലിൻ പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്‌റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ബിൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ ഇതിനോടകം പ്രമേയം പാസാക്കിയിട്ടുണ്ട്. പൗരൻമാർക്ക് ഇഷ്‌ടമുള്ള മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. പൗരൻമാരുടെ ഈ അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. എന്നാൽ, ഭരണഘടന നൽകുന്ന ഈ അവകാശം ചില ഭേദഗതികളിൽ പരിഗണിച്ചിട്ടില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
വഖഫ് ബോർഡിന്റെയും മുസ്‌ലിം സമുദായത്തിന്റെയും മതപരമായ സ്വയംഭരണത്തെ ബിൽ തടസപ്പെടുത്തുന്നുണ്ടെന്നും സ്‌റ്റാലിൻ കത്തിൽ പറയുന്നു. ലോക്‌സഭയിൽ അവതരിപ്പിച്ച വഖഫ് ബില്ലിനെതിരെ പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധമാണ് സഭയ്‌ക്ക് അകത്തും പുറത്തും നടത്തുന്നത്.
വഖഫ് ബിൽ ഭരണഘടനയുടെ 14,15 അനുച്‌ഛേദങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഭേദഗതിയെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു പറഞ്ഞു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































