തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാന്റെ’ ട്രെയിലർ റിലീസ് ചെയ്‌തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്നുമിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ മലയാളം ട്രെയിലർ എത്തിയത്.
ഇതിനോടകം 17 ലക്ഷത്തിലധികം ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മലയാളത്തിന് പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ട്രെയിലർ പുറത്തുവന്നു. ഹോളിവുഡ് സിനിമകളെ അനുസ്‌മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് സിനിമയുടേതെന്ന് ട്രെയിലർ കാണുമ്പോൾ വ്യക്‌തമാകും. ‘ലൂസിഫർ’ സിനിമയിലേത് അടക്കമുള്ള ഫ്‌ളാഷ് ബ്ളാക്ക് രംഗങ്ങൾ എമ്പുരാനിലും ഉണ്ടാകുമെന്ന് ട്രെയിലർ പറഞ്ഞുവെക്കുന്നു.
എമ്പുരാൻ മാർച്ച് 27ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‍മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ, തെലുങ്ക്, കാനഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമ കർണാടകയിൽ വിതരത്തിന് എത്തിക്കുന്നത് പ്രശസ്‌ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്‌ഥതയിലുള്ള എഎ ഫിലിംസ് ആണ്.
പൃഥ്വരാജിന്റെ വൻ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രമായ 2019ൽ റിലീസ് ചെയ്‌ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ബുറേഷി- അബ്രോം/ സ്‌റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണുള്ളത്.
പൃഥ്വരാജ്, മഞ്‌ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സച്ചിൻ ഖേദേക്കർ, മനോജ് കെ ജയൻ, ബോബി സിംഹ, സുരാജ് വെഞ്ഞാറമൂട്, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യൂ സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ തുടങ്ങി പ്രമുഖ താരനിര സിനിമയുടെ ഭാഗമാണ്.
2023 ഒക്‌ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാന്, അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്‌ഥലങ്ങൾ ലൊക്കേഷനായി. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിങ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ