മലപ്പുറം: ഇന്ന് ആരംഭിക്കാനിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ശ്രദ്ധാഞ്‌ജലി പ്രദർശനം ‘തങ്ങൾ തണലോർമ’ മാറ്റിവച്ചു. പ്രതികൂല കാലാവസ്‌ഥയാണ് കാരണം. മലയാള മനോരമയും മനോരമ ന്യൂസ് ടിവി ചാനലും ചേർന്ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടുമുറ്റത്താണ് പ്രദർശനം നിശ്‌ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീടു പ്രഖ്യാപിക്കും.
അതേസയമം, ഉള്ളുലയ്‌ക്കുന്ന നിലവിളികളുമായി ദുരന്തഭൂമി കേഴുകയാണ്. കനത്ത മഴയും ഉരുൾപൊട്ടലും വയനാട് ജില്ലയെ ചരിത്രത്തിലെ വലിയ മുറിവുകളിലേക്കാണ് നയിക്കുന്നത്. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രമാണ് ദുരന്തഭൂമിയായി മാറിയ ചൂരൽമലയും.
മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 31 പേരുടെ മരണം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ച 18 പേരും വിംസ് ആശുപത്രിയിൽ 6 പേരും ഉൾപ്പടെയാണിത്. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിൽസയിലാണ്.
വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയിൽ വൻ നാശനഷ്‍ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്‌റ്ററുകൾ കാലാവസ്‌ഥ പ്രതികൂലമായതോടെ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി.
കോഴിക്കോട്ടേക്ക് ഹെലികോപ്‌റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. നിലവിൽ പുഴയ്ക്ക് കുറുകെ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്. അഗ്‌നിരക്ഷാ സേനയുടെയും എൻഡിആർഎഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജില്ലാ കളക്‌ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഉച്ചയോടെ 4 യൂണിറ്റ് എൻഡിആർഎഫ് സംഘങ്ങൾ പ്രദേശത്തെത്തും. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രസേനയുമെത്തിയേക്കുമെന്ന് സൂചനയുണ്ട്.
MOST READ | ’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ