കൽപ്പറ്റ: വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ചൊവ്വാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഇതോടെ പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി.
2024 ജൂലൈ 30ന് കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ മേഖലയിലുള്ള പുഴയിൽ വലിയതോതിൽ ചെളിവെള്ളം നിറഞ്ഞ് കുത്തൊഴുക്കുണ്ടായത് ആശങ്കയുയർത്തിയിട്ടുണ്ട്. പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. ഉരുൾപൊട്ടലിന് പിന്നാലെ സൈന്യം പുഴയ്ക്ക് കുറുകെ സ്ഥാപിച്ച ബെയ്ലി പാലത്തിന് സമീപത്തെ മുണ്ടക്കൈ റോഡിലും വെള്ളം കയറിയ സ്ഥിതിയാണ്.
വെള്ളരിമലയിൽ മണ്ണിടിലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബെയ്ലി പാലത്തിനപ്പുറം റാണിമല, ഹാരിസൺസ് എസ്റ്റേറ്റുകളിൽ ജോലിക്ക് പോയവരിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടു. ഇവരെ സുരക്ഷിതമായി മടക്കിയെത്തിക്കാൻ ശ്രമം തുടങ്ങി. പോലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്ത് എത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മേഖലയിൽ ഇനിയും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും ജനങ്ങളെ മാത്രം എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കിൽ വലിയ ദുരന്തം അഭിമുഖീകരിക്കേണ്ടി വരുമെന്നും ചൂരൽമല ആക്ഷൻ കൗൺസിൽ നേതാവ് ഷാജിമോൻ പറഞ്ഞു. സ്ഥിതി വിലയിരുത്തുന്നതിനായി റവന്യൂ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































