കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്‌താക്കളുടെ പൂർണ ലിസ്‌റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്‌ച കലക്‌ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഗുണഭോക്‌താക്കളുടെ ലിസ്‌റ്റ് ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് സർക്കാരിന് സമർപ്പിച്ചതാണെന്ന് ചെയർമാൻ ജെഎംജെ മനോജ് പറഞ്ഞു. ഇത് പരിശോധിച്ച് അംഗീകാരം നൽകിയാൽ മാത്രം മതിയാകും. വീട് ലഭിക്കുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. രണ്ട് എസ്‌റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിലാക്കണം. രണ്ടുഘട്ടമായി ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നെടുമ്പാല എസ്‌റ്റേറ്റിലേത് പോലെ കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിലും പത്ത് സെന്റ് ഭൂമിയിൽ വീട് നിർമിക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.
ആദ്യഘത്തിൽ കൽപ്പറ്റ ടൗണിനോട് ചേർന്ന എൽസ്‌റ്റൺ എസ്‌റ്റേറ്റ് മാത്രം ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ തീരുമാനിച്ചത്. 242 പേരുടെ ഗുണഭോക്‌തൃ പട്ടികയാണ് അന്തിമമായി അംഗീകരിച്ചത്. വാസയോഗ്യമല്ലാത്ത സ്‌ഥലത്ത് വീടുള്ളവരുടെ ഉൾപ്പടെ പട്ടിക തയ്യാറായിട്ടില്ല. 813 പേരെയാണ് സർക്കാർ വാടക വീടുകളിലേക്ക് മാറ്റിയത്.
ഇതിൽ പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിർമാണം പൂർത്തിയാക്കി. ചിലർ സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ വാങ്ങി ടൗൺഷിപ്പിന് പുറത്ത് വീടുവെയ്‌ക്കാൻ താൽപര്യപ്പെടുന്നുണ്ട്. പൂർണമായ ഗുനഭോക്‌തൃ പട്ടിക പുറത്തുവിട്ടാൽ മാത്രമേ എത്ര വീടുകൾ ടൗൺഷിപ്പിൽ നിർമിക്കണമെന്ന് ഉൾപ്പടെ തീരുമാനമാകൂ.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ