തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് സഹായത്തിന് പകരം പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. 16 പദ്ധതികൾക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്‌പയാണ് കേന്ദ്രം അനുവദിച്ചത്.
2024-25 സാമ്പത്തിക വർഷത്തേക്കാണ് വായ്‌പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാർച്ച് 31ന് മുൻപ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ മാർച്ച് 31ന് മുമ്പായി പദ്ധതികളുടെ നിർമാണം പൂർത്തിയാക്കി റീഇപേഴ്സ്മെന്റിന് സമർപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അങ്ങനെയെങ്കിൽ കേന്ദ്രം നൽകിയ വായ്‌പ പുനർനിർമാണത്തിന് എത്രത്തോളം സഹായകരമാകുമെന്നതിൽ വ്യക്‌തതയില്ല.
സംസ്‌ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വർഷത്തേക്ക് നൽകുന്ന വായ്‌പാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്. പുനർനിർമാണത്തിനായി 535 കോടിയുടെ 16 പദ്ധതികൾ സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇതിന് മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വായ്‌പ അനുവദിച്ച് അറിയിപ്പ് ലഭിച്ചത്.
പുനരധിവാസത്തിനായി സംസ്‌ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങൾ, അവിടേക്കുള്ള റോഡുകളുടെ നിർമാണം തുടങ്ങിയവയാണ് 16 പദ്ധതികളായി സംസ്‌ഥാനം സമർപ്പിച്ചിരുന്നത്. അനുവദിച്ച പദ്ധതികളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ഫണ്ട് വകമാറ്റി ചിലവഴിച്ചാൽ വായ്‌പ വെട്ടിച്ചുരുക്കുമെന്നും കത്തിൽ പറയുന്നുണ്ട്. ആവർത്തന പദ്ധതികൾ പാടില്ലെന്നും നിർദ്ദേശമുണ്ട്.
വയനാട് പുനർനിർമാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്‌ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ചുള്ള തർക്കം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് കാപെക്‌സ് വായ്‌പയായി പണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം.
Most Read| ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും; ട്രംപ്