വയനാട്: ഇന്ത്യൻ സേനയിലെ വനിതാ വീര്യമാണ് മേജർ സീത ഷെൽക്ക. വയനാട് ഉരുൾപൊട്ടലിൽ കരുതലിന്റെ കരം നീട്ടിയ ഏക വനിതാ ഉദ്യോഗസ്‌ഥ. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചിരുന്ന ഏക പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ പുതിയത് പണിതുയർത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയ എൻജിനിയറിങ് സംഘത്തിലെ പെൺപുലിയാണ് സീത ഷെൽക്ക.
മഹാരാഷ്‌ട്ര സ്വദേശിനിയാണ് സീത ഷെൽക്ക. നേരത്തെയും ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തി അനുഭവ സമ്പത്തുള്ള ഉദ്യോഗസ്‌ഥയാണ്. ആർമി റെസ്‌ക്യൂ ഫോഴ്‌സ് കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) മേജർ വിടി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിൽ നിന്ന് ചൂരൽമല കയറിയത്.
ആലപ്പുഴ സ്വദേശിയായ മേജർ അനീഷ് മോഹനായിരുന്നു ബെയ്‌ലി പാലത്തിന്റെ നിർമാണ ചുമതല. മഴയും സ്‌ഥല പരിമിതിയും മഴയും സാധനങ്ങൾ എത്തിക്കാനുള്ള പ്രയാസവുമെല്ലാം മറികടന്നാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ബുധനാഴ്‌ച വൈകിട്ട് മൂന്നുമണിയോടെ 190 അടി നീളത്തിലുള്ള പാലം നിർമാണം തുടങ്ങി. എൻജിനിയർമാർ ഉൾപ്പടെ 160 പേർ സംഘത്തിൽ ഉണ്ടായിരുന്നു.
24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്ര സാമഗ്രികൾ എത്തിക്കാനായി. ഡെൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പാലം നിർമിക്കാനാവശ്യമായ സാമഗ്രികൾ എത്തിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവന്നത്.
മുണ്ടക്കൈയിൽ ഉണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ മുണ്ടക്കൈയും ചൂരൽമലയും വേർപെട്ടു. രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്‌ഥലത്തേക്ക് എത്താൻ കഴിയാതെയായി. ബെയ്‌ലി പാലം വന്നതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പാണ് (എംഇജി) പാലം നിർമിച്ചത്. സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്ന വിഭാഗമാണിത്.
Health News| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം