തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. ഇവരുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായവും മറ്റു ആനുകൂല്യങ്ങളും നൽകാനും തീരുമാനിച്ചു. ഇതിനായി രണ്ട് സമിതികൾ രൂപീകരിച്ചു.
സംസ്‌ഥാന, പ്രാദേശിക തലങ്ങളിലാണ് സമിതികൾ. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, അതത് പോലീസ് സ്‌റ്റേഷനിലെ എസ്‍എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയ്യാറാക്കി സമർപ്പിക്കും. ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് സംസ്‌ഥാനതല സമിതി.
പ്രാദേശിക സമിതി പട്ടിക തയ്യാറാക്കി സംസ്‌ഥാനതല സമിതി വിശദമായ പരിശാധന നടത്തിയ ശേഷമാകും കാണാതായവരുടെ അന്തിമ പട്ടിക തയ്യാറാക്കുക. കാണാതായവരുടെ ബന്ധുക്കൾ പോലീസ് സ്‌റ്റേഷനുകളിൽ നൽകിയിരിക്കുന്ന പരാതികളുടെ വിവരങ്ങളും ശേഖരിക്കും.
തുടർന്ന് തയ്യാറാക്കുന്ന റിപ്പോർട് ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. ദുരന്തനിവാരണ അതോറിറ്റി റിപ്പോർട് പരിശോധിച്ച് ശുപാർശകളോടെ സംസ്‌ഥാന സമിതിക്ക് കൈമാറുകയാണ് ചെയ്യുക. സംസ്‌ഥാന സമിതി ഇത് സൂക്ഷ്‌മമായി പരിശോധിച്ച് സർക്കാരിന് കൈമാറും.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാണാതായവരെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. ഇതോടെയാണ് തിരച്ചിൽ നിർത്തിയിട്ടും കണ്ടുപിടിക്കാൻ കഴിയാത്തവരെ കൂടി മരിച്ചവരായി കണക്കാക്കി ധനസഹായം നൽകാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമങ്ങൾ സുതാര്യമായി വേഗത്തിൽ നടപ്പാക്കാനാണ് സമിതികൾ രൂപീകരിച്ചത്.
Most Read| ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?