തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കണമെന്നതിലും യോഗത്തിൽ തീരുമാനമുണ്ടാകും.
പട്ടികയിൽ ഇനിയും ഒട്ടേറെപ്പേർ ഉൾപ്പെടാനുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. 388 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പുനരധിവാസ കരട് പട്ടിക സർക്കാർ പുറത്തിറക്കിയത്. എന്നാൽ, പട്ടികയിൽ 10,11,12 വാർഡുകളിലെ നിരവധി കുടുംബങ്ങൾ വിട്ടുപോയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ഞൂറിലധികം കുടുംബങ്ങളുടെ വീട് പൂർണമായി നശിച്ചിട്ടുണ്ട്. അതിൽ 120 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ഈ പരാതികൾ ഉൾപ്പടെ വിശദമായി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമാകും. അതിനിടെ, വീട് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്‌റ്റേറ്റിന്റെയും എൽസ്‌റ്റോൺ എസ്‌റ്റേറ്റിന്റെയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
പുനരധിവാസത്തിന് സഹായം വാഗ്‌ദാനം ചെയ്‌ത് കർണാടക, തെലങ്കാന സർക്കാരുകൾ, വ്യക്‌തികൾ, സംഘടനകൾ എന്നിവരെ മുഖ്യമന്ത്രി നേരിൽ കാണാനാണ് തീരുമാനം. ജനുവരി ആദ്യവാരം മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒരാളും വിട്ട് പോകാതെ എല്ലാവരുമായും കൂടിക്കാഴ്‌ച നടത്തും. ഭൂമി ലഭ്യതയിൽ കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർ നടപടി ഉറപ്പാക്കാൻ സർക്കാർ സജ്‌ജമാണ്. ഭൂമിയിൽ അവ്യക്‌തത തുടരുന്നത് കൊണ്ടുമാത്രമാണ് ചർച്ചകൾ ഇതുവരെ നടത്താത്തതെന്നും റവന്യൂ മന്ത്രി വ്യക്‌തമാക്കി.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല