കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം തടഞ്ഞ് പോലീസ്. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് തടഞ്ഞത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്നാണ് സമരക്കാർ പറയുന്നത്.
എന്നാൽ, ബെയ്‌ലി പാലം കടക്കാൻ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നാണ് പോലീസുകാർ പറയുന്നത്. ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്‌താക്കളുടെ പൂർണ ലിസ്‌റ്റ് പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ വീട് ലഭിക്കുമോ എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. ആദ്യഘത്തിൽ കൽപ്പറ്റ ടൗണിനോട് ചേർന്ന എൽസ്‌റ്റൺ എസ്‌റ്റേറ്റ് മാത്രം ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
242 പേരുടെ ഗുണഭോക്‌തൃ പട്ടികയാണ് അന്തിമമായി അംഗീകരിച്ചത്. വാസയോഗ്യമല്ലാത്ത സ്‌ഥലത്ത് വീടുള്ളവരുടെ ഉൾപ്പടെ പട്ടിക തയ്യാറായിട്ടില്ല. 813 പേരെയാണ് സർക്കാർ വാടക വീടുകളിലേക്ക് മാറ്റിയത്. ഇതിൽ പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിർമാണം പൂർത്തിയാക്കി. ചിലർ സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ വാങ്ങി ടൗൺഷിപ്പിന് പുറത്ത് വീടുവെയ്‌ക്കാൻ താൽപര്യപ്പെടുന്നുണ്ട്. പൂർണമായ ഗുണഭോക്‌തൃ പട്ടിക പുറത്തുവിട്ടാൽ മാത്രമേ എത്ര വീടുകൾ ടൗൺഷിപ്പിൽ നിർമിക്കണമെന്ന് ഉൾപ്പടെ തീരുമാനമാകൂ.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി