തിരച്ചിൽ അഞ്ചാം ദിനം; കണ്ടെത്താനുള്ളത് 206 പേരെ- ഇതുവരെ 340 മരണം

തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതു ശ്‌മശാനത്തിൽ സംസ്‌കരിക്കും.

By Trainee Reporter, Malabar News
Wayanad Landslide
Ajwa Travels

വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. 206 പേരെയോളം ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. ഇതുവരെ 340 പേരാണ് ദുരന്തത്തിൽ മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. സർക്കാർ കണക്ക് അനുസരിച്ച് 210 മരണമാണ് സ്‌ഥിരീകരിച്ചത്‌.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതു ശ്‌മശാനത്തിൽ സംസ്‌കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദീകരിച്ചാവും തിരച്ചിൽ. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേർ ആശുപത്രികളിൽ ചികിൽസയിൽ തുടരുന്നുണ്ട്. ഇന്നലെ റഡാർ സിഗ്‌നൽ ലഭിച്ച സ്‌ഥലത്ത്‌ രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഏറെ നേരം നീണ്ട തിരച്ചിലിൽ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്നും ശ്വാസത്തിന്റെ സിഗ്‌നൽ ലഭിച്ചത്. മൃതദേഹങ്ങളും മൃതദേഹ അവശിഷ്‌ടങ്ങളും മാത്രം കിട്ടിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്ന് വീണ കെട്ടിടത്തിനകത്ത് നിന്ന് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്.

തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. രാത്രി ആയതിനാൽ ഫ്‌ളഡ് ലൈറ്റ് ഉൾപ്പടെ ഒരുക്കിയായിരുന്നു തിരച്ചിൽ. എന്നാൽ, അഞ്ചുമണിക്കൂർ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർ ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, സംസ്‌ഥാനത്ത്‌ മഴ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ പാടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറിത്താമസിക്കണം.

Sports| ഒളിമ്പിക്‌സ് ഹോക്കി; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE