കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 163 ആയി. 143 മൃതദേഹങ്ങളുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. 86 പേരെ ഇനിയും കണ്ടെത്താനുണ്ട്. 191 പേരാണ് ചികിൽസയിൽ ഉള്ളത്. നിലമ്പൂരിൽ ഇന്നലെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി.
ചാലിയാർ പുഴയിൽ നിന്ന് ഇന്ന് രാവിലെ അഞ്ചു മൃതദേഹങ്ങളും രണ്ടു മൃതദേഹ ഭാഗങ്ങളും ലഭിച്ചു. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ലഭിച്ച രണ്ടു മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. പോത്തുകല്ലിൽ നിന്ന് ഇതുവരെ 67 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാറിലും ഇന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി ആദിവാസി കോളനി വാസികൾ സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
മുണ്ടക്കൈയിലെ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് പോകും. കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കാനാണ് ശ്രമം. നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിൽ ഉണ്ടാവും.
അതിനിടെ, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ വീണ്ടും മഴ പെയ്‌ത് തുടങ്ങി. രാവിലെ മുതൽ മാറിനിന്ന മഴ നിലവിൽ ശക്‌തമായി തുടരുകയാണ്. അതിനിടെ, കർണാടക തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലേക്ക് തിരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാനാണ് മന്ത്രി എത്തുന്നത്.
കർണാടകയുടെ ഭാഗത്ത് നിന്നെത്തിക്കുന്ന സഹായങ്ങളും മന്ത്രി ഏകോപിപ്പിക്കും. ചൂരൽമലയി ബെയ്‌ലി പാലം നിർമാണം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഒലിച്ചുപോയതാണ് യാത്രാമാർഗം അടഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കിയതും. പാലം നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്. വയനാട്ടിൽ നാളെ രാവിലെ 11.30ന് സർവകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പങ്കെടുക്കും. ധനസഹായം ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
Most Read| ശക്‌തമായ മഴ; 12 ജില്ലകളിൽ ഇന്ന് അവധി- പിഎസ്‌സി പരീക്ഷകളും മാറ്റി