തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തിൽ രേഖ അവതരിപ്പിച്ചത്. വീടുകൾ നിർമിക്കാനുള്ള ടൗൺഷിപ്പിന്റെ കാര്യവും സ്‌ഥലം ഏറ്റെടുക്കലിന്റെ കാര്യവും യോഗത്തിൽ ചർച്ചയായി. വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വൻ വിമർശനമാണ് ഉയരുന്നത്. ഗുണഭോക്‌താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധമുയർത്തി. നാലരമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്‌താക്കളുടെ പട്ടിക സർക്കാർ പുറത്തിറക്കിയത്.
388 കുടുംബങ്ങളുടെ പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി. മാനന്തവാടി സബ് കളക്‌ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ അടിമുടി പിഴവാണെന്നാണ് ദുരന്തബാധിതർ തന്നെ പറയുന്നത്. ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിഡിഎംഎ യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല