കൽപ്പറ്റ: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്‌ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
സമരം നടത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ ജയിലിലേക്ക് അയക്കുന്ന സംസ്‌ഥാന സർക്കാർ ഗുരുതരമായ ആരോപണം ഉയർന്നിട്ടും രഞ്‌ജിത്തിനെതിരെ ഒന്നും ചെയ്യുന്നില്ലായെന്ന് ജഷീർ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് രഞ്‌ജിത്ത് വയനാട്ടിലെത്തിയത്.
രഞ്‌ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തുവന്നത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്‌ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു. കഴുത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങിയെന്നും നടി പറഞ്ഞു.
എന്നാൽ, പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്‌തികരമായി തോന്നാത്തതിനാൽ പിറ്റേന്ന് തന്നെ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്‌ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ജോലി ചെയ്യുന്നത് ബംഗാളിലാണെന്നും നടി പറഞ്ഞു.
Most Read| തീരുമാനം പിൻവലിച്ച് കോർപറേഷൻ; തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും