ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന വെസ്‌റ്റേൺ അണ്ടർ ഗ്രൗണ്ട് ഓർക്കിഡ് ആണ് ഈ അത്‌ഭുത സസ്യം. ‘റിസന്തെല്ലാ ഗാർഡിനെറി’ എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഓർക്കിഡ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് കാണപ്പെടുന്നത്.
മണ്ണിനടിയിൽ വിരിഞ്ഞ് നിൽക്കുന്ന ഈ ഓർക്കിഡിന് ഇലകൾ, തണ്ടുകൾ എന്നിങ്ങനെ പച്ച ഭാഗങ്ങളൊന്നും ഇല്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. വളർച്ചയ്‌ക്ക് പ്രകാശ സംശ്ളേഷണത്തിന്റെ സഹായവും ഇല്ല. പകരം അതിന് എല്ലാ പോഷകങ്ങളും ലഭിക്കുന്നത് ചെടിയുടെ വേരുകളിൽ വളരുന്ന ഒരുതരം ഫംഗസിൽ നിന്നാണെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്.
പരാഗണം നടക്കുന്നതും മറ്റു ചെടികളിൽ നിന്നും വ്യത്യസ്‌തമാണ്. ഒരുതരം ചിതൽ വഴി ആണ് ഇവയുടെ പരാഗണം നടക്കുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട ഇവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ശാസ്‌ത്രജ്‌ഞർ.
കാലാവസ്‌ഥാ വ്യതിയാനമാണ് ഇത്തരം ഓർക്കിഡുകളുടെ വംശനാശത്തിന് കാരണമാകുന്നതെന്ന് ഓർക്കിഡുകളെയും കാലാവസ്‌ഥാ വ്യതിയാനത്തെയും കുറിച്ച് ഗവേഷണം നടത്തിയ സസ്യ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞനും ഓർക്കിഡിയോളജിസ്‌റ്റുമായ ജാക്കോപോ കാലേവോ പറയുന്നു. കൂടാതെ, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കൊടും ചൂടും കാട്ടുതീയും അവയുടെ നാശത്തിന് കാരണമായിട്ടുണ്ട്.
1990കളിൽ സസ്യ ശാസ്‌ത്രജ്‌ഞനായ കിങ്‌സ്‌ലി വെയ്ൻ ഡിക്‌സൺ ലബോറട്ടറിയിൽ അണ്ടർഗ്രൗണ്ട് ഓർക്കിഡ് വളർത്താൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. കാർഷിക ആവശ്യങ്ങൾക്കും റോഡിനും വേണ്ടി ഭൂമി വലിയ തോതിൽ ഉപയോഗിച്ചതും ഇത്തരം ഓർക്കിഡുകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ടെന്ന് ഡിക്‌സൺ പറയുന്നു.
Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി