മലപ്പുറം: സദാചാര ഗുണ്ടകളുടെ ക്രൂര പീഡനത്തെ തുടർന്നാണ് സുരേഷ് ചാലിയത്തിന്റെ ആത്‌മഹത്യയെന്ന് ഭാര്യ. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് സുരേഷ് ചാലിയത്ത് ആത്‍മഹത്യ ചെയ്‌തതെന്നും ഭാര്യ പ്രജിത പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും തന്റെ ഭര്‍ത്താവിന് ഉണ്ടായതുപോലെ ഒരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും പ്രജിത കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രകാരൻ, സ്‌കൂൾ അധ്യാപകൻ, സിനിമാ-കലാസംവിധാനം എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്നു.
ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് ഒരു സംഘം വീട്ടിലെത്തി സുരേഷിനെ മര്‍ദ്ദിച്ചിരുന്നു. സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് സുരേഷ് ജീവിതം അവസാനിപ്പിച്ചത്. സംഭവത്തില്‍ വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ദീന്‍, മുജീബ് റഹ്‌മാന്‍ എന്നിവര്‍ പിടിയിലായിരുന്നു. കൂടാതെ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read also: രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം