കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്ത് വെച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പിന്റെ ഹോട്ട്സ്പോട്ടിൽപ്പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖലാ സിസിഎഫിനോട് റിപ്പോർട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പാനൂർ വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലെ കൃഷിയിടത്തിൽ വെച്ചാണ് ഇന്ന് രാവിലെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. രക്തം വാർന്നാണ് മരണം. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂർ. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 60 ദിവസത്തിനിടെ മരണപ്പെടുന്ന 15ആംമത്തെ ആളാണ് ശ്രീധരൻ.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ