പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളിയാണ് (60) മരിച്ചത്. വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയാണ് ജനവാസ മേഖലയിൽ നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിൽവെച്ച് കാളി കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്‌ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്‌തു. വീഴ്‌ചയിൽ കാളിയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാളിയെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഉടൻതന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ മരണം സംഭവിച്ചിരുന്നു. സംസ്‌ഥാനത്ത് കാട്ടാന ആക്രമണത്തിൽ നാല് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞദിവസം വയനാട് എരുമക്കൊല്ലിയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ അറുമുഖനെയാണ് (67) കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ