പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാരെ തണുപ്പിക്കാൻ അധികൃതർ സ്ഥലത്തെത്തി. സ്ഥലം എംഎൽഎ, ആർഡിഒ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ആനയെ മയക്കുവെടി വെക്കാൻ തീരുമാനമായി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. മരിച്ച ശിവരാമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടറോട് പ്രതിഷേധക്കാരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലർട്







































