പെരുവ: കോളയാട് പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനക്കൂട്ടം അഞ്ച് ഏക്കറോളം കൃഷി നശിപ്പിച്ചു. രാത്രി വീടിന് സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം ഭയന്നാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്.
ചെമ്പുക്കാവ് കോളനിയിലെ അനീഷ്, കുഞ്ഞാമൻ, മാതു, ചന്ദ്രിക, ടി വിനുമോൻ, കുഞ്ഞാമൻ, ടികെ ലീല എന്നിവരുടെ കൃഷിയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം കണ്ണിൽ കണ്ടതൊക്കെ ചവിട്ടി മെതിച്ചു. 2100ഓളം കുലച്ച വാഴ, തെങ്ങ്, കമുക് എന്നിവയാണ് ഇവയുടെ ആക്രമണം മൂലം നശിച്ചത്.
കൃഷിയിടത്തിൽ കിടന്നും ചവിട്ടിയും വാഴക്കൃഷി പൂർണമായും നശിപ്പിച്ചു. ബാങ്ക്, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും കടമെടുത്താണ് പലരും കൃഷി ആരംഭിച്ചത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ എത്തിയ കാട്ടാനകളുടെ ശബ്‌ദം കേട്ട് എത്തിയ നാട്ടുകാർ പടക്കം പൊട്ടിച്ചാണ് ഇവയെ തുരത്തിയത്.
ഇവിടെ നിന്നും ഓടിച്ചാൽ കാട്ടാനകൾ സ്‌ഥിരമായി എത്തുന്നത് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം വനത്തിനോട് ചേർന്ന് കിടക്കുന്ന ചെന്നപ്പൊയിൽ കോളനിയിലാണ്. ഇതോടെ കോളനി നിവാസികളും ഭയത്തിലാണ് ജീവിക്കുന്നത്.
Also Read: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ സുപ്രീം കോടതിയിൽ




































