പടിഞ്ഞാറത്തറ: കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിക്കിടന്ന ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം ഇക്കോ ടൂറിസം തുറന്നു. രണ്ടര വർഷത്തോളം പൂട്ടിക്കിടന്ന മീൻമുട്ടി ഇന്നലെ മുതലാണ് തുറന്നത്. കോടതി വിധി അനുസരിച്ച് 2019 ഫെബ്രുവരി 24ന് ആണ് മീൻമുട്ടി അടച്ചത്. എന്നാൽ 2021 മാർച്ചിൽ കേന്ദ്രം തുറക്കാനുള്ള അനുകൂല വിധി കോടതിയിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ കേന്ദ്രം തുറക്കുന്നത് നീണ്ടുപോവുകയായിരുന്നു.
നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുന്നൊരുക്കങ്ങൾ നടത്തി ഇന്നലെ മുതലാണ് കേന്ദ്രത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം. ഓണം സീസണും മഴയും കൂടി ആയതോടെ കേന്ദ്രത്തിൽ പ്രകൃതിമനോഹാരിത ആസ്വദിക്കാൻ നിരവധിപേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സമിതി വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ കോടതി വിധി വന്നത്. ഇതോടെയാണ് 2019 ഫെബ്രുവരിയിൽ കേന്ദ്ര പൂട്ടിയത്. തുടർന്ന്, വനസംരക്ഷണ സമിതി കേസിൽ കക്ഷിചേർന്ന് കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കി കേന്ദ്ര തുറക്കാനുള്ള അനുകൂലവിധി നേടുകയായിരുന്നു.







































