ന്യൂഡെൽഹി: നിലവിലെ വെല്ലുവിളികളെ കോൺഗ്രസ് മറികടക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനാതലത്തിൽ പൂർണമായി പൊളിച്ചെഴുതും. ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കശ്‌മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം.
പാർട്ടി ശാക്‌തീകരണം ലക്ഷ്യമിട്ട് എന്ന ലക്ഷ്യവുമായി ഉദയ്‌പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് ഇന്ന് സമാപനമായി. കോൺഗ്രസ് പാര്‍ട്ടി പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നല്‍കാൻ തീരുമാനമായി. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം എന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി.
എന്നാൽ കുടുംബത്തിലെ രണ്ടാമന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുണ്ടാകുമ്പോൾ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കും. ചിന്തൻ ശിബിരത്തിൽ നേതൃമാറ്റം സജീവചര്‍ച്ചയാണെങ്കിലും അധ്യക്ഷ സ്‌ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമെത്തണമെന്ന നിലയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Read also: ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും







































