കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.
ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുറത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെയും ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ളാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്നലെ രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇതോടെ, വിൻഡോസ് സിസ്റ്റങ്ങളെ ഇന്നലെ മുതൽ സാങ്കേതിക പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം ഇതോടെ പ്രതിസന്ധിയിലായി.
ചെക്ക് ഇൻ ചെയ്യാനും ബാഗേജ് ക്ളിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായി. ചില വിമാനത്താവളങ്ങളിൽ ഡിസ്പ്ളേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവീസ് വിവരങ്ങൾ എഴുതിവെക്കേണ്ടി വന്നു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണ് യാത്രക്കാർക്ക് നൽകിയത്.
ഇന്ത്യൻ, ഓസ്ട്രേലിയ, ജർമനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനത്തെ തകരാർ ബാധിച്ചു. ഇതോടെ സൈബർ സേവനങ്ങൾ നിശ്ചലമായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, എന്നിവയെല്ലാം തടസപ്പട്ടു.
Most Read| പ്രക്ഷോഭത്തിൽ 105 മരണം; ബംഗ്ളാദേശിൽ നിരോധനാജ്ഞ- സൈന്യത്തെ വിന്യസിച്ചു







































