കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ നവംബർ 24നാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി ആയിരുന്ന പ്രദീപിനെ പത്തനാപുരത്തെ ഓഫീസിൽ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രദീപിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗണേഷ് കുമാർ പുറത്താക്കുകയായിരുന്നു.
നാല് ദിവസമാണ് പോലീസ് പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. എന്നാൽ നാല് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തോട് കാര്യമായി പ്രദീപ് കുമാർ സഹകരിച്ചില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജാമ്യം അനുവദിച്ചാൽ ഉന്നത ബന്ധം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
എന്നാൽ 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്കോടതികൾക്ക് അധികാരമുണ്ട് എന്നായിരുന്നു പ്രദീപിന്റെ അഭിഭാഷകൻ വാദിച്ചത്. നാല് ദിവസം പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു. ഇനിയും റിമാൻഡ് നീട്ടരുതെന്നും പ്രദീപ് കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Also Read: സിദ്ധിഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; കെയുഡബ്ള്യുജെ






































