കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മൂന്നുപേരെ റിമാൻഡ് ചെയ്‌തു. പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വിസി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെഎ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വികെ റാഫ്‌നാസ് (24) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. റസീനയുടെ ആത്‍മഹത്യാ കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. ഇവർ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്‌ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന ആൺസുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്‌റ്റിലായവർ ഉൾപ്പടെയുള്ള സംഘം ചോദ്യം ചെയ്‌തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ ഇവർ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
അഞ്ചുമണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്‌ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് റസീന വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. യുവാവിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്‌റ്റിലായ പ്രതികളിൽ നിന്ന് പോലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ധർമടം സ്വദേശിയായ എംകെ റഫീഖ് ആണ് റസീനയുടെ ഭർത്താവ്. പിതാവ്: എ മുഹമ്മദ്, മാതാവ്: സികെ ഫാത്തിമ.
Most Read| ‘സുരക്ഷ ഉറപ്പാക്കുക’; രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ