മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം. തടയാൻ ശ്രമിച്ച പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ പെൺകുട്ടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടി താഴെ വന്ന് വീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സംഭവസ്‌ഥലത്ത് നിന്ന് രക്ഷപെട്ടു.
തിങ്കളാഴ്‌ച രാത്രി പെൺകുട്ടിയുടെ പിതാവിനെ ഫോൺ വിളിച്ച പ്രതികൾ കുട്ടിയോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് എതിർത്തതോടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു. വീട്ടുകാർ ബഹളം വെച്ചതോടെ പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് പ്രതികൾ രക്ഷപെടുകയായിരുന്നു എന്ന് പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പ്രകാരം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
Also Read: മലയാളി യുവതിയും മകനും ആത്‌മഹത്യ ചെയ്‌ത സംഭവം; അയൽവാസി അറസ്‌റ്റിൽ








































