ഡൺഡിൻ: വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ളാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. ഉൽഘാടന മൽസരത്തിൽ വെസ്‌റ്റ് ഇൻഡീസിനോട് പരാജയം ഏറ്റുവാങ്ങിയ ന്യൂസീലൻഡിന് ഈ വിജയം ഏറെ ആശ്വാസമാവും.
മഴ മൂലം 27 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ളാദേശ് നിശ്‌ചിത ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 140 റൺസെടുത്തപ്പോൾ 7 ഓവർ ബാക്കിനിൽക്കെ ന്യൂസീലൻഡ് വിജയലക്ഷ്യത്തിലെത്തി.
ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആക്രമിച്ച് കളിച്ച ഷമീമ സുൽത്താനയും ഫർഗാന ഹഖും ചേർന്ന് ആദ്യ വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 10ആം ഓവറിൽ ഷമീമ (33) പുറത്തായി. പിന്നീട് വന്നവർക്കൊന്നും നന്നായി സ്‌കോർ ചെയ്യാൻ സാധിച്ചില്ല. ഫർഗാന ഹഖ് (52) ആണ് ബംഗ്ളാദേശിന്റെ ടോപ്പ് സ്‌കോറർ.
പിന്നാലെ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിനും മികച്ച തുടക്കമാണ് ലഭിച്ചത്. സോഫി ഡിവൈനും (14) സൂസി ബേറ്റ്സും ചേർന്ന് ആദ്യ വിക്കറ്റിൽ 36 റൺസാണ് കൂട്ടിച്ചേർത്തത്. സോഫി പുറത്തായപ്പോൾ മൂന്നാം നമ്പറിലെത്തിയ അമേലിയ കെർ സൂസി ബേറ്റ്സിനൊപ്പം ചേർന്ന് അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 108 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. 68 പന്തിൽ 79 റൺസെടുത്ത് പുറത്താവാതെ നിന്ന സൂസി ബേറ്റ്സ് ആണ് കിവീസ് ടോപ്പ് സ്‌കോറർ.