കണ്ണൂർ: എടക്കാടിൽ കൃത്രിമ ജലപാതയുടെ സർവേ തടഞ്ഞ കർമസമിതി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 13 കർമസമിതി പ്രവർത്തകരെയാണ് എടക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സർവേ നടന്നുകൊണ്ടിരിക്കുന്ന കടമ്പൂർ, ആനപ്പാലത്തിന് സമീപത്ത് നിന്ന് പ്രകടനവുമായി എത്തിയ പ്രതിഷേധക്കാർ സർവേ നടപടികൾ തടയുകയായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തത്.
മുൻപ് പല ദിവസങ്ങളിലും കർമസമിതി പ്രവർത്തകർ സർവേ തടഞ്ഞിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസം സർവേ നടന്നിരുന്നില്ല. എന്നാൽ, ഇന്നലെ വൻ സന്നാഹത്തോടെ വീണ്ടും സർവേ പുരാരംഭിച്ചിരുന്നു. ഇതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അറസ്‌റ്റ് ചെയ്‌ത പ്രതിഷേധക്കാരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കടമ്പൂർ പഞ്ചായത്ത് മെമ്പർമാരായ ടിവി രമ്യ, കെവി ഷീജ, കർമസമിതി നേതാക്കളായ ടിവി മനോഹരൻ, വേണുഗോപാൽ, ചന്ദ്രൻ, കെ മോഹനൻ, കെകെ സത്യൻ, സികെ സാബു, പിപി അജിത്ത്, പിവി രജിത്ത്, ശ്രീജിത്ത്, മണി, സുരേന്ദ്രൻ രയരോത്ത് തുടങ്ങിയവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Most Read: മഴക്കെടുതി; കെഎസ്ഇബി ഉന്നതതല യോഗം ചേരും


































