ന്യൂഡെൽഹി: മഹാമാരി കാലഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതൽ ശക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ വിദേശനിക്ഷേപം വർധിക്കുകയാണെന്നും ഇന്ത്യക്കുമേൽ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങൾക്കുള്ളിൽ വർധിച്ചതായും പ്രധാനമന്ത്രി ചൂണ്ടികാണിച്ചു. എഫ്ഐസിസിഐയുടെ 93ആം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. 2020 എല്ലാവരെയും അമ്പരപ്പിച്ചു. രാജ്യവും ലോകം മുഴുവനും നിരവധി ഉയർച്ച താഴ്ചകൾ അനുഭവിച്ചു. കുറച്ചു കാലങ്ങൾക്ക് ശേഷം കോവിഡ് കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്കത് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല. കാര്യങ്ങൾ വഷളായതിനേക്കാൾ വേഗത്തിൽ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ നാം അജ്ഞാതനായ ഒരു ശത്രുവിനോടായിരുന്നു ഏറ്റുമുട്ടികൊണ്ടിരുന്നത്. ഉൽപ്പാദനം, ഗതാഗതം, സമ്പദ് വ്യവസ്ഥ എന്തുതന്നെ ആയിക്കൊള്ളട്ടെ ഒരുപാട് അനിശ്ചിതത്വങ്ങളുടെ ഇടയിലാണ് നാം ജീവിച്ചത്. എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്നും കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നതും ആയിരുന്നു പ്രശ്നം. എന്നാൽ ഡിസംബറോടെ സാഹചര്യങ്ങൾ വ്യത്യസ്തമായി. ഇപ്പോൾ നമ്മുടെ കൈയിൽ ഉത്തരമുണ്ട്. പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകൾ പ്രോൽസാഹനജനകമാണ്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതൽ ശക്തമാക്കി.
കഴിഞ്ഞ 6 വർഷമായി ഇന്ത്യയെക്കുറിച്ച് ലോക ജനതക്കുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചു മാസങ്ങളിലായി കൂടുതൽ കരുത്തുറ്റതായി. വിദേശ നിക്ഷേപകർ ഇന്ത്യയിൽ റെക്കോർഡ് നിക്ഷേപമാണ് നടത്തുന്നത്. ആത്മനിർഭർ അഭിയാൻ എല്ലാ മേഖലകളിലേക്കും പടരുകയാണെന്നും അതിലൂടെ വിവിധ മേഖലകളുടെ കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read also: കാബൂളില്‍ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്







































