‘പഴങ്ങളുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമ്പഴം നീരും മധുരവും നിറഞ്ഞ മാംസളഭാഗവും തനതായ രുചിയുംകൊണ്ട് ലോകമെമ്പാടും പ്രിയങ്കരമായ ഉഷ്‌ണമേഖലാ ഫലമാണ്. ദക്ഷിണേന്ത്യ, ഇന്ത്യ ആണ് മാമ്പഴത്തിന്റെ ജൻമദേശം. വിവിധ വിഭാഗത്തിൽപ്പെട്ട മാമ്പഴങ്ങളും നിരവധിയാണ്.
എന്നാൽ, ലോകത്തെ ഏറ്റവും ഭാരമേറിയ മാങ്ങാ ഏതാണെന്ന് അറിയാമോ? ഗിന്നസ് വേൾഡ് റെക്കോർഡുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ മാങ്ങാ ലാറ്റിനമേരിക്കൻ രാജ്യം കൊളംബിയയിലെ ഗയാട്ടയിൽ നിന്നുള്ളതാണ്. 4.25 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ജർമൻ ഓർലാൻഡോ നോവ ബരേര, റീന മാർല മറോക്വിൻ എന്നിവരാണ് ഈ മാങ്ങ യാഥാർഥ്യമാക്കിയത്.
ഇവരുടെ ഉടമസ്‌ഥതയിലുള്ള സാൻ മാർട്ടിൻ ഫാമിലാണ് ഈ മാങ്ങാ പിറന്നത്. ഇതിന് മുൻപ് ഫിലിപ്പീൻസിൽ നിന്നുള്ള 3.435 കിലോയുള്ള മാമ്പഴത്തിനായിരുന്നു ഈ റെക്കോർഡ്. സാധാരണ മാങ്ങകൾക്ക് പരമാവധി 200 ഗ്രാം മുതൽ 500 ഗ്രാം വരെ ഭാരമാണ് ഉണ്ടാകാറുള്ളത്. കെയ്റ്റ്, കോഹു അംബ തടുങ്ങിയ മാങ്ങാ വിഭാഗങ്ങൾ പരമ്പരാഗതമായി ഭാരമേറിയവയാണ്. ഇന്ത്യയിൽ നിന്നുള്ള നൂർജഹാൻ ഇനത്തിലുള്ള മാങ്ങകളും വലിയ ഭാരം വയ്‌ക്കുന്നവയായി കണക്കാക്കപ്പെടുന്നു.
ശാസ്‌ത്രീയനാമം, വലിപ്പം, നിറം, രുചി, ഘടന എന്നിവയിൽ വ്യത്യസ്‌തത പുലർത്തുന്ന നൂറുകണക്കിന് ഇനം മാമ്പഴങ്ങളുണ്ട്. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസ അതിന്റെ കൊഴുത്ത മധുരത്തിന് പേരുകേട്ടതാണ്. സ്വാദിഷ്‌ടമായ രുചിക്കപ്പുറം മികച്ച പോഷകഗുണങ്ങളും മാമ്പഴത്തിനുണ്ട്. പ്രതിരോധ ശേഷിക്കും കാഴ്‌ചശക്‌തിക്കും ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് മാമ്പഴം.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി






































