കണ്ണൂർ: എഴുത്തുകാരൻ വിഎസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്‌തകം ഏറ്റുവാങ്ങിയത് വിഎസ്. അനിൽകുമാർ ആയിരുന്നു.
പ്രഫ. എംഎൻ. വിജയന്റെ മകനാണ് വിഎസ്. അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്. ഇന്ന് രാവിലെയാണ് കണ്ണപുരത്തെ ‘മരുതം’ എന്ന വീടിന് മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞമാസമാണ് കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്.
വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കരണങ്ങളില്ലെന്നാണ് അനിൽകുമാർ പറയുന്നത്. ചടങ്ങിൽ വെച്ച് അനിൽകുമാർ സിപിഎമ്മിനെ വിമർശിച്ചിരുന്നു. അതിനാൽ, സിപിഎം പ്രവർത്തകർ ആയിരിക്കും ഇതിന് പിന്നിലെന്നാണ് സംശയം. അനിൽകുമാർ കണ്ണപുരം പോലീസിൽ പരാതി നൽകി.
”രാവിലെയാണ് റീത്ത് കാണുന്നത്. മകനാണ് ആദ്യം കണ്ടത്. അപ്പോൾത്തന്നെ പോലീസിനെ വിളിച്ചു. ഭീഷണി ഉണ്ടായിരുന്നില്ല. ആരുടെ പേരും ഊഹിച്ചു പറയാനില്ല. ആരാണെന്ന് പോലീസ് പറയട്ടെ”- അനിൽ കുമാർ പറഞ്ഞു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല



































